ഇന്ത്യന്‍ സ്മാരകനാണയങ്ങളുടെ ആല്‍ബമൊരുക്കാന്‍ സിനോജ്, കവർപേജ് പ്രകാശനം ദുബായില്‍ നടന്നു

0
15402

ദുബായ് : ഇന്ത്യയുടെ 73 മത് റിപബ്ലിക് ദിനത്തില്‍ ഇന്ത്യയുടെ സ്മാരക നാണയങ്ങളുടെ ആല്‍ബത്തിന്‍റെ കവർപേജ് പ്രകാശനം ചെയ്ത് തൃശൂർ തൃപ്രയാർ സ്വദേശി സിനോജ് സിദ്ധാർത്ഥന്‍. ഇന്ത്യ സ്വതന്ത്രയായതിന് ശേഷം 1950 മുതലുളള അന്‍പതോളം വ്യത്യസ്ത വർഷങ്ങളിലെ വിവിധ നാണയങ്ങളാണ് സിനോജിന്‍റെ കൈവശമുളളത്. ഇതിനായി പിച്ചളയില്‍ ആല്‍ബമൊരുക്കുകയാണ് സിനോജ്. ദുബായ് ഖിസൈസ് ഫോർച്യൂണ്‍ പ്ലാസ ഹോട്ടലില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ ആല്‍ബത്തിന്‍റെ 12 കിലോയോളം തൂക്കമുളള കവർപേജിന്‍റെ പ്രകാശനം നടന്നു. മൂന്നുമാസം സമയമെടുത്താണ് നിർമ്മാണം പൂർത്തിയാക്കിയത്. സൗഹൃദകൂട്ടായ്മകളില്‍ നിന്നാണ് നാണയം ശേഖരിക്കുന്നത്. കുട്ടിയായിരുന്നപ്പോള്‍ മുതല്‍ നാണയശേഖരണമുണ്ടായിരുന്നു.

ഇത്രയും വിലപ്പെട്ട നാണയങ്ങള്‍ വരും തലമുറകള്‍ക്കുകൂടി ഉപകാരപ്രദമാകുന്ന തരത്തില്‍ അതേ കരുതലോടെ സൂക്ഷിക്കുകയെന്ന ചിന്തയില്‍ നിന്നാണ് പിച്ചളയില്‍ ആല്‍ബമുണ്ടാക്കാന്‍ ആരംഭിച്ചതെന്നും സിനോജ് പറഞ്ഞു. ആല്‍ബം പൂർത്തിയായാല്‍ ഗിന്നസ് റെക്കോർഡ് അടക്കമുളള റെക്കോർഡുകള്‍ക്കായി ശ്രമിക്കണമെന്നും ആഗ്രഹമുണ്ട്. യുഎഇുടെ ചരിത്രം പറയുന്ന 20 കിലോ ഗ്രാം തൂക്കം വരുന്ന ആല്‍ബം പൂർത്തിയാക്കിയിട്ടുണ്ട്.ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ അനുമതി കിട്ടിയാലുടനെ പ്രകാശനം ഉണ്ടാകുമെന്നും സിനോജ് അറിയിച്ചു.